Tuesday, June 25, 2013

എന്റെ രാഷ്ട്രീയ കൂറ് മാറ്റം :P


താഴെ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും എന്നോട് ദേഷ്യം തോന്നിയേക്കാം, അങ്ങിനെ എന്റെ വാക്കുകള്‍ നിങ്ങളെ വെധനിപ്പിക്കുന്നുവെങ്കില്‍ സസ്നേഹം ക്ഷമിക്കുക, ആരെയും വേദനിപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല.


എന്റെ ബാല്യകാലം ചിലവിട്ടത് കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ള ഒരു മേഖലയിലും കലഖട്ടത്തിലും ആയിരുന്നതുകൊണ്ടാവണം എനിക്കും ഒരു കമ്മ്യൂണിസ്റ്റ്‌ ചായവു വന്നത്. സംഭവം കൊള്ളാവുന്നത് തന്നെയാണ്. ആരും ആരുടേയും മുകളിലും താഴെയും അല്ല, ആര്‍ക്കും ഒന്നും സ്വന്തവും അല്ല, എല്ലാത്തിലും എല്ലാവര്ക്കും ഒരുപോലെ അവകാശം. . മതമില്ല ജാതിയില്ല വിഭാഗീയതകള്‍ ഒന്നും തന്നെ ഇല്ല. . . . കേള്‍ക്കുമ്പോള്‍ തന്നെ ആരും ആകൃഷ്ടരാകുന്ന ഒരു വ്യവസ്ഥിതി. പിന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ കോരിത്തരിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍, വിപ്ലവ ചരിത്രങ്ങള്‍. ,. . ഇതൊക്കെ ഒരു കമ്മ്യൂണിസ്റ്റ്‌ ചായവു എന്നില്‍ സൃഷ്ടിച്ചെടുത്തു. ആ കാലത്തെ രണ്ടു പ്രമുഖ നേതാക്കളാണ് ശ്രീ കെ കരുണാകരനും സ. ഇ കെ നായനാരും. 

    തമ്മില്‍ തല്ല് പണ്ടുതൊട്ടേ യു ഡി എഫില്‍ പതിവയിരുന്നത് കൊണ്ട് എനിക്കവരോട് അത്രക്ക് മതിപ്പ് പോരായിരുന്നു. ഭ ജ പായും മുസ്ലിം ലീഗും മതങ്ങളുടെ പേരില്‍ ആയതിനാല്‍ അവയും എന്നെ ആകര്‍ഷിച്ചില്ല. 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടം ഇ കെ നായനാര്‍ തകര്‍ത്തു ഭരിക്കുകയും കൂടി ചെയ്തപ്പോലെ ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആരാധകനായി മാറി. അന്ന് പക്ഷെ സി പി ഐ, സി പി എം തുടങ്ങിയ ചില സംഭവങ്ങള്‍ ഇതിനുള്ളില്‍ ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു എന്നത് സത്യം.

    കാലം പിന്നെയും മുന്‍പോട്ടു നീങ്ങി, നായനാര്‍ പോയി അച്ചുതാനന്ദന്‍ വന്നു. അന്നും ഇടതുപക്ഷം കത്തിജ്വലിച്ചു നിന്നു. വെട്ടി നിരത്തലും, കയ്യേറ്റം ഒഴിപ്പിക്കലും എന്ന് വേണ്ട എവിടെയെല്ലാം പ്രശ്നങ്ങളുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷവും എത്തിയതോടെ ഞാന്‍ ഒരു “ഡൈ ഹാര്‍ഡ് ഫാന്‍” ആയി മാറി.

    ഇതൊന്നും ഒരുപാട് കാലങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയൊന്നുമല്ല, ഇതില്‍ ആദ്യം പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത് ഏകദേശം വെറും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എന്നാല്‍ ഇന്ന് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി മറിഞ്ഞിരിക്കുന്നു. അധികാരം കയ്യില്‍ കിട്ടാന്‍ എന്തിനും ഏതിനും തുനിഞ്ഞിറങ്ങുന്ന ഒരു പ്രവണത. എതിര്‍ത്ത് നില്‍ക്കുന്നവന്‍ ആരായാലും ഒന്നുകില്‍ അവനെ തന്റെ പക്ഷം ചേര്‍ക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുക എന്ന നയമാണ് ഇന്ന് രാഷ്ട്രീയത്തില്‍ പിന്തുടര്‍ന്ന് വരുന്നത്. ഇതിനായി ഏതറ്റം വരെയും ഇവര്‍ പോകും.

    തിരഞ്ഞെടുപ്പ് കാലങ്ങളില്‍ നമ്മുടെയൊക്കെ വീടുകള്‍ കയറിയിറങ്ങുന്ന ഇവര്‍, പിന്നീട് അധിക്കാരം കയ്യില്‍ കിട്ടുന്നതോടെ ജയിപ്പിച്ചു വിട്ട പാവം ജനങ്ങളെ മറക്കുന്നു. പിന്നെ സ്വന്തം പോക്കറ്റ് നിറക്കാനും ഇഷ്ടക്കാര്‍ക്ക് സ്വത്തും പദവികളും നേടിക്കൊടുക്കാനും മാത്രമാണ് ഇവരുടെ അശ്രാന്ത പരിശ്രമം. പിന്നെ അധികാരതിനായുള്ള തമ്മില്‍ തല്ലുകളും തല്ലും കുത്തും കുതികാല്‍ വെട്ടും ചതികളും. ഇതിനിടയില്‍ നാടിനെയും നാട്ടാരെയും ശ്രദ്ധിക്കാന്‍ എവിടെ സമയം? ഇനി അതിനു സമയം വരണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കാലം വരണം. “ഇനി തിരഞ്ഞെടുപ്പാകുമ്പോള്‍ പിരിവെന്നും വോട്ടെന്നും ചോദിച്ചു വാ അന്ന് തരാം നിങ്ങള്‍ക്കുള്ള മറുപടി.” കഴിഞ്ഞ കുറെ കാലങ്ങളായി പലരും രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന ഒരു സ്ഥിരം മറുപടിയാണിത്. നേതാക്കളെ നിങ്ങള്‍ക്കുള്ള സാധാരണക്കാരന്റെ തക്കീതാണിത്, സൂക്ഷിച്ചുകൊള്‍ക.

    അധികാരം കയ്യിലുണ്ടെങ്കില്‍ എന്തും ആകാം എന്നാണ് ഇന്നത്തെ രാഷ്ട്രീയം നമുക്ക് കാണിച്ചു തരുന്നത്. നിയമവും നിയമപാലകരും എല്ലാം അധികാരികള്‍ക്ക് കീഴില്‍ വെറും മരപാവകള്‍ ആകുന്നു. സ്വന്തം ലാഭത്തിനു വേണ്ടി നിയമങ്ങളെ എങ്ങിനെ വേണമെങ്കിലും വളച്ചൊടിക്കാം.

    ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്ട്ടിയുടെ മാത്രം കാഴ്ചപ്പാടല്ല, ഇന്ന് നിലനില്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഇതുതന്നെയാണ് ചെയുന്നത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ, കോണ്‍ഗ്രസ്സോ ലീഗോ ബി ജെ പിയോ ഒന്നും വ്യത്യസ്തമല്ല. പ്രശ്നങ്ങളുള്ള സമൂഹത്തില്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് തഴച്ചു വലരാനാകൂ എന്ന് മനസ്സിലാക്കിയ ഇവര്‍ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു പ്രശ്നം ഉണ്ടായി അത് സമൂഹത്തില്‍ ഒരു ചൂടുള്ള ചര്‍ച്ചാവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ അവര്‍ അടുത്ത എന്തെങ്ങിലും പുറത്തു കൊണ്ടുവരുന്നു, ഉടനെ നമ്മള്‍ പഴയത് വിട്ടു പുതിയതിന്റെ പിറകെ പായുകയായി. ഇതിനു ഉദാഹരണങ്ങള്‍ ഒരുപാടുണ്ട് നമുക്കിടയില്‍, ഇന്നലത്തെ ചൂടുള്ള വാര്‍ത്ത‍ ഇന്ന് ഒരു വാര്‍ത്തയെ അല്ലാതാകുന്നു. പിന്നീട് ആ പ്രശ്നങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നാം അറിയുന്നുമില്ല അന്വേഷിക്കരുമില്ല. കോടികളുടെ അഴിമതികള്‍ നടന്നിട്ടും നാം അതെല്ലാം വെറും ദുസ്വപ്നം പോലെ മറന്നു കഴിഞ്ഞിരിക്കുന്നു! ഇതുതന്നെയാണ് അവര്‍ക്ക് വേണ്ടതും. ജനങ്ങളുടെ ശ്രദ്ധ ഒന്നില്‍നിന്നും മറ്റൊന്നിലേക്കു തിരിച്ചു വിട്ടുകൊണ്ടേ ഇരിക്കുക, അതിനു മറവില്‍ സ്വന്തം ലാഭത്തിനു വേണ്ടിയുള്ള ശ്രമം അവിശ്രമം തുടരുക.

    പിടിക്കപ്പെടുമെന്ന ഭയമേ വേണ്ട, ഇനി അഥവാ പിടിക്കപ്പെട്ടാലും, ഒരു ബന്ധുവീട്ടില്‍ വിരുന്നിനു പോയി വരുമ്പോലെ ഒന്ന് ജയിലില്‍ പോയി കുറച്ചു ദിവസങ്ങള്‍ സുഖവാസം, അതിനുള്ളില്‍ മറ്റൊരു പ്രശ്നം തലപോക്കിയിരിക്കും, ആ മറവില്‍ ആരുമറിയാതെ കുറ്റവാളികള്‍ വീണ്ടും അധികാരത്തിലേക്ക്. 

    ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാന്‍ ഒരു സാധാരണക്കാരനെന്ന നിലക്ക് വളരെ ബുദ്ധിമുട്ടാണ്, കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാന തത്വങ്ങളോട് എനിക്കിന്നും ആരാധന തന്നെയാണ്, പക്ഷെ, അത് നടപ്പക്കുന്നതിലോ, അതിനുള്ള പരിശ്രമത്തിലോ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എത്രത്തോളം വിജയം കൈവരിച്ചു എന്നത് ഒരു ചോദ്യമായി തന്നെ അവസാനിക്കുന്നു. ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഞാന്‍ ഇന്നും കമ്മ്യൂണിസ്റ്റ്‌ കാരനായി തന്നെ തുടരുന്നു. പാര്‍ട്ടിയില്‍ വിസ്വസമില്ലെങ്കില്‍ പോലും.


NB: രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നടങ്കം കള്ളന്മാരാനെന്നോ അഴിമാതിക്കരാനെന്നോ അല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. നല്ല മനുഷ്യര്‍ തീര്‍ച്ചയായും ഉണ്ട്, ഉണ്ടാവണം. പക്ഷെ ഒരു കൂടയിലെ ഒരാപ്പിള്‍ ചീഞ്ഞാലും അതിന്റെ ചീത്തപ്പേര് ഭാക്കിയുള്ളവക്കെല്ലാം പകരും, അപ്പോള്‍ പിന്നെ ഒരു കൂടയില്‍ ഭുരിഭാകവും ചീഞ്ഞതാനെങ്കിലത്തെ കാര്യം പറയണോ?