കഥകള്‍ വായിക്കാറുണ്ടോ? അവളുടെ ആ ചോദ്യം എന്നെ കൊണ്ടുപോയത് വര്‍ഷങ്ങള്‍ക്കു പിറകിലേക്കാണ്. കഥകള്‍ കേട്ടും വായിച്ചും പറഞ്ഞും ആഘോഷമാക്കിയ എന്‍റെ ബാല്യത്തിലേക്ക്. ഓര്‍മകള്‍ വളരെപ്പെട്ടന്നു എന്നെ ചെറുപ്പമാക്കി. മരങ്ങളോടും ചെടികളോടും മിണ്ടിയും കളിച്ചും നടന്ന എന്‍റെ കുട്ടിക്കാലം.
അവള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, പക്ഷെ മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
നമുക്കു മടങ്ങാം. . . . സമയം ഒരുപാടായി. ഞാന്‍ അവളെ നോക്കി പറഞ്ഞു.
അസ്തമയ സൂര്യന്‍ അവളുടെ മുഖത്തെ കൂടുതന്‍ ചുവപ്പിച്ചിരിക്കുന്നു. അവള്‍ അക്ഷമയോടെ എന്‍റെ കണ്ണുകളിലേക്കു നോക്കി. അത് കാണാത്തതുപോലെ ഞാന്‍ വേഗം എഴുന്നേറ്റ്നടന്നുതുടങ്ങി. എന്നെ പിന്തുടരുകയാണ് അവളുടെ ഈ ജീവിതത്തിലെ ലക്ഷ്യം, മറ്റൊന്നും അവള്‍ക്കു ചെയ്യുവാന്‍ സാധിക്കുകയില്ല. എതിര്‍പ്പ് പുറത്തുകാണിക്കാതെ അവള്‍ എന്‍റെ ഒപ്പം നടന്നുതുടങ്ങി.
ദൂരെ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുന്നു, തീരത്തെ തിരമാലകള്‍ക്ക് ശക്തിയും ഭംഗിയും ഏറിവരുന്നതായി എനിക്ക് തോന്നി. കടലിന് എന്തൊക്കെയോ നഷ്ടമായ ഒരു ആര്‍ദ്ര ഭാവം. ഒരുപക്ഷെ മറ്റൊരു പകല്‍ കൂടി നഷ്ടമാവുംമ്പോളുള്ള ദുഖമായിരിക്കാം.
ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. “അറിയുമോ? കടലിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കും! നമ്മള്‍ സന്തോഷിക്കുമ്പോള്‍ കടലും ചിരിക്കും, നമ്മള്‍ കരഞ്ഞാല്‍ കടലും കരയും, നോക്കൂ. . . ഇപ്പോള്‍ ഈ കടലിന് ഒരു കാമുകന്റെ ഭാവമല്ലേ. . . ? അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു, നിഷ്കളങ്കമായ ചിരി.
ഞാന്‍ അവളെ നോക്കി, ഇപ്പോള്‍ അവള്‍ എന്‍റെ പിന്നിലായി നടക്കുകയാണ്, നനഞ്ഞ മണ്ണില്‍ പതിഞ്ഞ എന്‍റെ കാല്‍പാടുകളില്‍ കാല്‍വച്ചു ഒരുകുട്ടിയെപോലെ എന്നെ പിന്തുടരുന്നു. ആകാശത്തില്‍ ഏതൊക്കെയോ പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോകുന്നത് കണ്ടപ്പോള്‍ അവള്‍ എന്നെ നോക്കി പറഞ്ഞു.... എനിക്കും പറക്കണം അതുപോലെ, ഇതുവരെ ഉള്ളതെല്ലാം പുറകില്‍ ഉപേക്ഷിച്ചു എങ്ങോട്ടെന്നില്ലാതെ പറന്നുയരണം. ഞാന്‍ വെറുതെ ചിരിച്ചു, അവള്‍ വീണ്ടും അതെ നടപ്പ് തുടര്‍ന്നു.
അസ്തമയവും കഴിഞ്ഞു. ആകാശത്തില്‍ ചന്ദ്രന്‍റെ നേരിയ രൂപം പ്രത്യക്ഷത്തില്‍ വന്നു. കടല്‍ത്തീരം വിജനമായിക്കൊണ്ടിരുന്നു, ഇതുവരെ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ച് നിന്നവരെല്ലാം മടങ്ങിത്തുടങ്ങി. ഞങ്ങള്‍ക്കിനിയും സമയമുണ്ടെന്ന് വിളിച്ചുപറയുന്നതുപോലെ അവിടവിടെ കൂട്ടംകൂടിയിരിക്കുന്ന ശുഭ്രവസ്ത്രധാരികളായ വൃദ്ധന്മാര്‍ മാത്രം ഭാക്കിയായി.
ആദ്യമായി ഈ കടല്‍ കണ്ടത് ഓര്‍ക്കുന്നു, അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി ആഹ്ലാധതിമിര്‍പ്പോടെ കടല്കാണാന്‍ വന്നത്. . . . അന്ന് പക്ഷെ കടലിന്‍റെ ഇരമ്പല്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. കടലില്‍ ഇറങ്ങാന്‍ എനിക്ക് ഭയമായിരുന്നു. എന്‍റെ പാഥങ്ങള്‍ സ്പര്‍ശികാനെത്തുന്ന നനുത്ത തിരമാലകളില്‍ നിന്നും അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ ഓടിയൊളിക്കുമായിരുന്നു. അമ്മ പറഞ്ഞുള്ള ഓര്‍മകളാണ്. എന്നാല്‍ ഇന്ന് അതേ ഇരമ്പല്‍ മനസ്സിലെ ഇരമ്പലുകളെ ശാന്തമാക്കുന്നു! കുടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ തിരകള്‍ മാടിവിളിക്കുന്നു! എന്തൊരു വിരോധാഭാസം!
പിന്നീട് കടല്‍ ഒരത്ഭുതമായിമാറി. അതിന്റെ തീരത്ത് വന്നിരിക്കാനും, തിരകളോടൊത്തു കളിക്കുവാനും എത്ര സായാഹ്നങ്ങളില്‍ ഞാന്‍ അച്ഛനോടൊപ്പം ഇവിടെ വന്നിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ക്കും ചെമ്മീന്‍കെട്ടുകള്‍ക്കും ഇടയിലൂടെയുള്ള ഒറ്റയടിപ്പാത ഇന്നില്ല, ആ നെല്‍പ്പാടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒരുകയ്യില്‍ എന്നെയും മറുകയ്യില്‍ ചേച്ചിയെയും മുറുകെ പിടിച്ചു അച്ഛന്‍ ഒരുപാട് ദൂരം തിരകളിലേക്ക് ഇറങ്ങിചെല്ലുമായിരുന്നു. തലയ്ക്കു മുകളിലൂടെ വരുന്ന തിരയില്‍ ഭാരമില്ലാതെ അച്ഛന്റെ കൈപിടിച്ച് ഒഴുകിനടക്കുമ്പോള്‍ ഞങ്ങള്‍ അലറിക്കൊണ്ട് പറയും. കുറച്ചുകൂടെ മുന്‍പിലേക്ക്. . കുറച്ചുകൂടെ മുന്‍പിലേക്ക്! പിന്നെ മണലില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന തിരക്ക്, നനഞ്ഞ മണല്‍ ചേര്‍ത്തു വച്ച് എന്തൊക്കെയോ നിര്‍മിക്കുന്നു. അല്ലെങ്കില്‍ കടലമ്മ കള്ളി എന്നെഴുതി തിരകള്‍ വന്നു മായിക്കുവാന്‍ കാത്തിരിക്കുന്നു. അല്ലെങ്കില്‍ മണലിലെ ചെറിയ കുഴികളില്‍നിന്നും എത്തിനോക്കുന്ന ഞണ്ടുകളുടെ പിറകെ അലറിവിളിച്ചു പാഞ്ഞുനടക്കല്‍.
ഒടുവില്‍ മതി ഇനി പോകാം എന്ന് ആരെങ്കിലും പറയുന്നതുവരെ മനസ്സില്‍ തോന്നുന്നതൊക്കെ ചെയ്തുകൊണ്ട് ആ തീരത്തുനടക്കും. പിന്നെ പോരാന്‍ നേരം ഞാന്‍ അവസാനമായി ഒന്നൂടെ ഇറങ്ങിയിട്ടുവരാം എന്നുപറഞ്ഞു ഓടി വീണ്ടും കടലില്‍ ഇറങ്ങും, ആരെങ്കിലും വന്നു കൊണ്ടുപോകുന്നതുവരെ.
ഞാന്‍ തീരത്തുകൂടെയുള്ള നടത്തം മതിയാക്കി റോഡിനെ ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ അവള്‍ എന്‍റെ തോളോട് ചേര്‍ന്ന് നടക്കുകയാണ്, കടലിന്റെ ഇരമ്പല്‍ നേര്‍ത്തു വരുന്നു. . . റോഡില്‍ ആളുകള്‍ കുറവായിരുന്നു. ഉള്ളവര്‍ എങ്ങോട്ടോ തിരക്കിട്ട് നടന്നകലുന്നു. തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മാത്രം വേറിട്ടുനില്‍ക്കുന്നതുപോലെ.
ഇത്പോലൊരു സന്ധ്യയില്‍ ആദ്യപ്രണയത്തിന്റെ നഷ്ടത്തില്‍ സ്വയം തകര്‍ന്നവനെ പോലെ ഈ കടല്‍ത്തീരത്ത് ഞാന്‍ ഇരുന്നിരുന്നു, അന്ന് ഞാന്‍ പോലും അറിയാതെ എന്നിലേക്ക് വന്നവളാണിവള്‍. എന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഒരിക്കല്‍ പോലും പ്രണയം നിറഞ്ഞ ഒരു നോട്ടം ഞാന്‍ അവള്‍ക്കായ് നല്‍കിയിരുന്നില്ല. എങ്കിലും അവള്‍ എന്നെ പ്രണയിച്ചു. അതിനായ് മാത്രം നിയോഗിക്കപ്പെട്ടവളെ പോലെ. അവഗണന മാത്രമായിരുന്നു ഞാന്‍ എന്നും അവള്‍ക്കായി ഭാക്കിവച്ചത്. എങ്കിലും ഒന്നും തിരിച്ചാഗ്രഹിക്കാതെ അവള്‍ എന്നെ സ്നേഹിച്ചുകൊണ്ടേയിരുന്നു. പക്ഷെ അപ്പോളൊന്നും ഞാന്‍ അവളെ കണ്ടതേയില്ല, എന്‍റെ കണ്ണുകള്‍ മറ്റാരെയോ തിരയുകയായിരുന്നു.
തിരിച്ചുകിട്ടാത്ത പ്രണയം നരകതുല്യമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു, ആ നരകത്തിലൂടെ നടന്നവനാണ് ഞാന്‍. അതെത്ര ദുസ്സഹമാണെന്ന് എനിക്കിന്നറിയാം. എന്നാല്‍ ഇവള്‍, എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ പെണ്‍കുട്ടി, ബാല്യത്തിന്റെ ചപലതകള്‍ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ഈ പെണ്‍കുട്ടി, ആ നരകയാത്രയും ഒരു തപസ്യയായി കണ്ട് എന്നെ പിന്തുടര്ന്നുകൊണ്ടേയിരിക്കുന്നു. ലാഭേച്ഛയേതുമില്ലത്ത നിഷ്കളങ്ക പ്രണയം!
എന്നാല്‍ ഈ പ്രണയത്തിനു പകരം വയ്ക്കാന്‍ ഇന്നെന്റെ കയ്യില്‍ ഒന്നുംതന്നെയില്ല! എന്‍റെ മനസ്സും, എന്നെത്തന്നെയും ഞാന്‍ മറ്റൊരുവള്‍ക്കായി പണയംവച്ചുകഴിഞ്ഞിരുന്നു. വെറുമൊരു പണയ വസ്തു മാത്രമാണ് ഞാനിന്ന്‍. എനിക്ക് പോലും അവകാശമില്ലാത്ത മനസ്സും ശരീരവും.
അവളെ താമസസ്ഥലത്തേക്ക് ബസ് കയറ്റി വിട്ട് ഞാന്‍ വീണ്ടും കടല്‍തീരത്തേക്ക് തിരികെ നടന്നു. സാമുഹ്യ വിരുദ്ധര്‍ എന്ന പ്രതിഭാസം കാരണമാവണം, വഴിവിളക്കുകള്‍ ഒന്നും തന്നെ പ്രകാശിച്ചിരുന്നില്ല. പൌര്‍ണമിയായിരുന്നെങ്കിലും കാര്‍മേഖങ്ങള്‍ നിലാവിനെ മറച്ചിരുന്നു. കടല്‍ത്തീരം വിജനമാണ്. മുന്‍പ് കണ്ട വൃദ്ധന്മാര്‍ തിരിച്ചുപോയിരുന്നിരിക്കണം. ഇന്നത്തെ ആകാശം പോലെ എന്‍റെ മനസ്സും കാര്‍മേഖങ്ങള്‍ നിറഞ്ഞതായിരുന്നു, അത് എന്‍റെ നിലാവിനെ എന്നില്‍നിന്നു മറച്ചുപിടിച്ചു.
തിരകള്‍ ശക്തിപ്രാപിക്കുന്നു, ഇപ്പോള്‍ കടലിന് ഒരു സംഹാരഭാവം, എങ്കിലും അതെന്നെ ഭയപ്പെടുത്തിയില്ല. തിരകളെ ഭയന്നോടിയ എന്നിലെ കുട്ടി ഇന്നെവിടെപ്പോയിരിക്കുന്നു? മഴപെയ്യാന്‍ തുടങ്ങിയിരിന്നു. തണുത്ത മഴത്തുള്ളികള്‍, മഴയുടെ വശ്യമായ താളവും, കടലിന്റെ രൌദ്രതാളവും ഇടകലര്‍ന്ന്‍ ഒരു വന്യമായ സംഗീതം പോലെ മുഴങ്ങിക്കേട്ടു.
ഇനിയും അവള്‍ക്കൊരു മറുപടി കൊടുക്കാതിരിക്കുന്നത് ക്രൂരമാണ്, എങ്കിലും ഒരു മറുപടി എനിക്ക് കണ്ടെത്താവുന്നതിനും അകലെയാണെന്നു തോന്നി. ആദ്യമായി ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി, അവളുടെ ഓര്‍മകള്‍, അവളോടൊപ്പം ചിലവിട്ട നാളുകള്‍. ഇതൊരു ഉത്തരം കിട്ടാത്ത സമസ്യ പോലെ, ഈ കടല്‍ പോലെ!
അവള്‍ എനിക്ക് പ്രിയപ്പെട്ടവളായിരുന്നു, അന്നും ഇന്നും. ഞാന്‍ എന്‍റെ ജീവനെക്കാളേറെ സ്നേഹിച്ചവള്‍. പക്ഷെ ഒടുവില്‍ അവള്‍ എന്നെ മനസ്സിലാക്കാതെ തിരിഞ്ഞുനടന്നപ്പോള്‍ നഷ്ടം എനിക്ക് മാത്രമായിരുന്നു! മനസ്സ് നഷ്ടപ്പെട്ടു ജീവന്‍ മാത്രം നിലനില്‍ക്കുന്ന ശരീരമായി ഞാന്‍ അവശേഷിച്ചു. നഷ്ടങ്ങള്‍ എന്റേത് മാത്രമായിരുന്നു, എന്‍റെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ജീവിതം എല്ലാം. . . . ഞങ്ങള്‍ ഒരുമിച്ചുകണ്ട സ്വപ്‌നങ്ങള്‍ അവള്‍ മറ്റൊരുവനോടൊപ്പം സ്വന്തമാക്കുന്നത് കണ്ടുനില്‍ക്കാനായിരുന്നു എന്‍റെ വിധി.
അവളെ വീണ്ടും കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ നിരാശയായിരുന്നു ഫലം, ഞാന്‍ അടുത്തുവന്നപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറി. എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും അവള്‍ ഉത്തരങ്ങളും നല്‍കിയില്ല. വയ്യ ഇനിയുമിങ്ങനെ കാത്തിരിക്കാന്‍, അനന്തമായ കാത്തിരിപ്പ്. ഇപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു, പതിയെ നിലാവെളിച്ചം കടല്‍തീരമാകെ പരന്നുതുടങ്ങി.
ഞാന്‍ ഓര്‍ക്കുകയായിരുന്നു, അവളെ ആദ്യം കണ്ട നിമിഷം, ആദ്യമായി സംസാരിച്ചത്, പിന്നിടെപ്പോഴോ എന്‍റെ കൂട്ടുകാരിയായി മാറിയത്, പിന്നെ ഞാന്‍ പോലും അറിയാതെ അവള്‍ എന്‍റെ പ്രണയിനിയായത്! ഓര്‍മകള്‍ എന്‍റെ കണ്ണുകളെ ഈറനനിയിക്കുന്നു. തണുത്ത മഴത്തുള്ളികല്‍ക്കിടയിലും കണ്ണുനീരിന്റെ ചൂട് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ പോയി, ഇനി എന്തിനായി ഞാന്‍ കാത്തിരിക്കുന്നു? തിരിച്ചുവരില്ല എന്നറിഞ്ഞിട്ടും ഞാന്‍ ഇവിടെ ഈ കടല്‍തീരത്ത് ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി. . . .
ഇപ്പോള്‍ മഴ നിന്നിരുക്കുന്നു, നിലാവ് അതിന്റെ പൂര്‍ണ്ണ പ്രഭാവത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു, കടല്‍തീരമാകെ പാല്‍നിലാവ്! എന്‍റെ ഫോണ്‍ ശബ്ദിച്ചു, ഒരു മെസ്സേജ്. അവളാണ്, വീടെത്തി എന്ന അറിയിപ്പ്, പിന്നെ കുറെ പരിഭവങ്ങളും. പാവം കുട്ടി. എനിക്കിപ്പോള്‍ അവളോട് എന്തോ ഒരു അനുകമ്പ, ഒരു സഹതാപം. ഒരുപക്ഷെ അത് പ്രണയം തന്നെയാവാം. അതെ ഞാന്‍, അവളറിയാതെ, അവളെ പ്രണയിക്കുന്നു. അവളുടെ അഭാവത്തില്‍ അവളെ സ്നേഹിക്കുന്നു, എന്നാല്‍ അവള്‍ തന്നെ എന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്കതിനാകുമായിരുന്നില്ല. അവളുടെ മുന്‍പില്‍ ഞാന്‍ അശക്തനാണ്, പരാജയപ്പെട്ടവനാണ്.
അറിയിക്കാമായിരുന്നിട്ടും പലപ്പോഴും അതിനു കഴിഞ്ഞില്ല. പറയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വിലക്കി. അല്ലെങ്കില്‍ ഞാനൊരു അപരിചിതന്റെ മുഖംമൂടിയണിഞ്ഞു. ഒടുവിലിപ്പോള്‍ സമയം അതിക്രമിച്ചതു ഞാന്‍ അറിയുന്നു. പറയാന്‍ അവസരങ്ങളേറെയുണ്ടായിട്ടും പറയാതെ പോയതിനു ഞാന്‍ ഇന്ന് എന്നെത്തന്നെ വെറുക്കുന്നു. ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവാകാന്‍ നിയോഗിക്കപെട്ടവനാണ്!
ഞാനറിയാതെ നടന്ന ഒരു വിവാഹക്കരാര്‍. അച്ഛനും അമ്മയും അമ്മാവന്മാരും അങ്ങിനെ കാരണവന്മാര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനം. അവരുടെ തീരുമാനങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്‍റെ വിദേയത്വം എന്നെ അനുവദിച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ, എല്ലാം നിഷേധിക്കപ്പെട്ടവനെ പോലെ, അനുസരിക്കാന്‍ മാത്രമായിരുന്നു എന്‍റെ തീരുമാനം. അവളോട് എല്ലാം തുറന്നു പറയുവാന്‍ ധൈര്യം കിട്ടിയപ്പോള്‍ ഇനി ഞാന്‍ എന്താണ് അവളോട് പറയേണ്ടത്? നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്നോ? അതോ ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചവനാനെന്നോ? അതോ. . . ആകാശം വീണ്ടും മേഖാവ്രതമായി. . കറുത്ത മേഖങ്ങള്‍ പൌര്‍ണമി നിലാവിനെ പതിയെ പതിയെ വിഴുങ്ങിതുടങ്ങി. . കാറ്റിന്റെ ശക്തിയും കുറഞ്ഞുവന്നു. കടല്‍ത്തീരം നിശ്ചലമാകുന്നു.
എത്രനേരം ആ ഇരുപ്പ് തുടര്‍ന്നു എന്നെനിക്കറിയില്ല, ഇപ്പോള്‍ വീണ്ടും മഴ ചാറിത്തുടങ്ങി. ചുറ്റും ഇരുട്ട് മാത്രം. നിലാവസ്തമിച്ചുവോ? അതോ മേഖങ്ങള്‍ക്കിടയില്‍ അത് ഇപ്പോഴും മറഞ്ഞുനില്‍പ്പുണ്ടാകുമോ? എനിക്കറിയില്ല. പക്ഷെ ഒന്നുമാത്രം എനിക്കറിയാം. . . . ഈ ലോകത്തില്‍ ഒന്നും നമ്മുടെ തീരുമാനങ്ങളല്ല, ആഗ്രഹങ്ങള്‍ മാത്രമേ നമ്മുടെതായുള്ളു. ആഗ്രഹിക്കാം ഈ കടലോളം, പക്ഷെ നമുക്ക് വിധിച്ചത് മാത്രെമേ നമ്മെ തേടിവരു. . .