Monday, February 11, 2013

എന്റെ ആദ്യത്തെ ഷോപ്പിംഗ്‌!!!::; ഒരു മുട്ടക്കഥ





പണ്ട് പണ്ട്, എന്നുവച്ചാല്‍ വളരെ പണ്ട്, ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കളിച്ചും ചിരിച്ചും അല്ലലൊന്നും അറിയാതെ നടന്ന കാലം.... അതാണ്‌ കാലം... ബാല്യം... ജീവിതത്തില്‍ സന്തോഷത്തിന്‍റെ മൂര്‍ധന്യത അനുഭവിക്കുന്ന കാലഖട്ടം.
    
    അവിടുന്നിങ്ങോട്ട് കലികാലം തുടങ്ങുകയായി. പഠിക്കണം, പരീക്ഷകളില്‍ ജയിക്കണം, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ വളക്കണം, ഒരു ജോലി സംഖടിപ്പിക്കണം, പിന്നെ ഒരു കല്യാണം.. ഹോ ഓര്‍ക്കുമ്പോ തന്നെ എന്തൊരു ബുദ്ധിമുട്ട്....
    
    അപ്പൊ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്ന ആ കാലത്ത്, എന്റെ സ്നേഹമയിയായ മാതാവ് എനിക്കൊരു പണിതന്നു.! വീടിനു തൊട്ടടുത്തുള്ള കടയില്‍ പോയി പത്തു മുട്ട വാങ്ങിക്കൊണ്ടുവരണം....
    
    മുട്ട!!!!! ദൈവമേ..... ഈയുള്ളവന്‍റെ പ്രിയപ്പെട്ടെ ഭക്ഷണം..... മുട്ടയുടെ കാര്യമായതുകൊണ്ട് മാത്രം ഞാന്‍ ഒരു കോമ്പ്രമൈസിനും നിന്നില്ല. ഉടനെ അമ്മയോട് ഡീല്‍ പറഞ്ഞു ഞാന്‍ പുറത്തിറങ്ങി കടയിലേക്ക് നടന്നു.
    
    മുട്ടയും പാലും ആവശ്യത്തില്‍ കൂടുതല്‍ കഴിചിരുന്നതുകൊണ്ടാകണം അന്ന് ഞാനൊരു “ഗുണ്ടുമണി” ആയിരുന്നു. അങ്ങിനെ ഞാന്‍ ഉരുണ്ടുരുണ്ട് കടയില്‍ ചെന്നു. കടയെന്നു പറഞ്ഞാല്‍ ജോസമ്മാവന്റെ കട, ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ഈ മിസ്റ്റര്‍ ജോസമ്മവാന്‍!
    
    എന്റെ കുണുങ്ങി കുണ്‌ങ്ങിയുള്ള വരവ് കണ്ടപ്പോഴെ തിരക്കുകളൊക്കെ മാറ്റിവച്ചു ജോസമ്മവാന്‍ എന്റെയടുത്തുവന്നു വാത്സല്യത്തോടെ ചോദിച്ചു.
“മോനെന്താ വേണ്ടത്?”
    
     അപ്പൊ പെട്ടന്ന് എന്റെ മനസ്സില്‍ ഒരു സംശയം... അമ്മ പത്ത് എന്ന് പറഞ്ഞു, മുട്ട എന്നും പറഞ്ഞു. പത്ത് ______ മുട്ട. ആ നടുക്കുള്ള സംഗതി എന്താണാവോ????? ഒന്നുകൂടെ ഒന്നാലോചിച്ചുനോക്കി.. ഒരു കിലോ അരി, അര കിലോ തക്കാളി.... ആ..... കിട്ടിപ്പോയി.

“ജോസമ്മവാ...... അമ്മ പറഞ്ഞു പത്തുകിലോ മുട്ട വാങ്ങികൊണ്ട് വരാന്‍!!!!!!!!!!”
    
    ഒരുനിമിഷം ഈ ഭുഗോളം മുഴുവന്‍ നിശബ്ദമായത് പോലെ. പിന്നെ അവിടെ കൂടിനിന്ന എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ജോസമ്മവനാനെങ്കില്‍ കണ്ണ് തള്ളി നില്‍ക്കുന്നു. എനിക്കുണ്ടോ കാര്യം വല്ലതും പിടികിട്ടുന്നു. ഒടുവില്‍ ഒരുവിധത്തില്‍ ചിരിയടക്കി ജോസമ്മവാന്‍ പറഞ്ഞു “മോന്‍ വീട്ടിലേക്കു ചെല്ലൂ ഞാന്‍ കൊടുത്തുവിട്ടെക്കാം”
    
     അങ്ങിനെ ഞാന്‍ പത്തുകിലോ മുട്ട വരുന്നതും സ്വപ്നം കണ്ട് വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോ ദാ വരുന്നു ജോസമ്മവാന്‍ മുട്ടയുമായി, മുഖത്ത് ഒരു ചെറിയ ചിരിയുമുണ്ട്. കക്ഷി വന്നു മുട്ട അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു, അത് കേട്ടതും അമ്മയും ചിരി തുടങ്ങി!!!! ചിരി കേട്ടു അച്ഛനും ചേച്ചിയും വന്നു.... അമ്മ അവരോടും കാര്യം പറഞ്ഞു പിന്നെ എല്ലാവരും കൂടി എന്നെ നോക്കി ചിരിതുടങ്ങി.... എതെന്തുകഥ???? അങ്ങിനെ ഞാന്‍ ബ്ലികസ്യ അടിച്ചുനില്‍ക്കുംബോഴാണ് കാര്യം പറയുന്നത്.
    
     മുട്ട എണ്ണമായിട്ടാണത്രേ വാങ്ങുന്നത്. കിലോ ആയല്ല....
    
     ഓ... ഈ സംഭവം ഒക്കെ എനിക്കറിയുമോ...? പാവം ഞാന്‍!!!!
    
     അതോടെ എല്ലാവര്ക്കും കളിയാക്കാന്‍ ഒരു കാര്യം കിട്ടി, എനിക്കൊരു പേരും!
         
          പത്ത് കിലോ മുട്ട!!!!!!
    
      അന്ന് അവരോടൊക്കെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഇന്ന് അതൊക്കെ സുഖമുള്ള ഓര്‍മകളാണ്.... ആ വീടും കടയും എല്ലാം വെറും ഓര്‍മകള്‍ മാത്രം.... വികസനത്തിന്‍റെ കൈകള്‍ നാടിന്റെ മുഖച്ഛായ മാറ്റുമ്പോഴും മായാതെ മങ്ങാതെ നില്‍ക്കുന്ന ഒരുപിടി ഓര്‍മകള്‍

1 comment:

Aarsha Abhilash said...

കൊള്ലാമീ പത്തുകിലോ മൊട്ട ;)